ന്യൂഡൽഹി: അടുത്ത വർഷം നടക്കാനുള്ള യുപി, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടായേക്കും.
മൂന്നാം മോദി മന്ത്രിസഭ രണ്ടു വർഷം പൂർത്തിയാക്കുന്ന ജൂണ്‍ ഒന്പതിനുശേഷമാകും മന്ത്രിസഭാ പുനഃസംഘടനയെന്നാണു നിലവിലെ ആലോചന. കേരളം, പശ്ചിമ ബംഗാൾ, ആസാം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലവും കൂടി കണക്കിലെടുത്താകും നിർണായക പുനഃസംഘടന.
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരിലൊരാളെ ഒഴിവാക്കുമോയെന്ന ആശങ്കയുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതോടൊപ്പം ചില ജാതിസമവാക്യങ്ങളും പരിഗണനയിൽ വരുമെന്ന് ഉന്നത ബിജെപി നേതാവ് സൂചന നൽകി. കാബിനറ്റ്, സഹമന്ത്രിമാർ അടക്കം ഏതാനും നേതാക്കളെ മന്ത്രിസഭയിൽനിന്നു ബിജെപിയുടെ സംഘടനാതലത്തിലേക്ക് മാറ്റും.
അഞ്ചു രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി തിരിച്ചെത്തിയശേഷം വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭയുടെ സന്പൂർണ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ കാബിനറ്റ് മന്ത്രിമാർക്കുപുറമെ സ്വതന്ത്ര ചുമതലയുള്ളവരടക്കം എല്ലാ സഹമന്ത്രിമാരും പങ്കെടുക്കാൻ നിർദേശിക്കും.
പശ്ചിമേഷ്യ, ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ പരിചയസന്പന്നരും സാന്പത്തിക വിദഗ്ധരുമായവരുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന നിർദേശവുമുണ്ട്. തലമുറ മാറ്റത്തിനുളള ശ്രമങ്ങളും അഴിച്ചുപണിയിലുണ്ടാകും. നിലവിൽ 72 മന്ത്രിമാരാണു കേന്ദ്രത്തിലുള്ളത്. ഭരണഘടനാചട്ടമനുസരിച്ച് പരമാവധി 81 മന്ത്രിമാർ വരെയാകാം.
ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപിക്കു കൈമാറി രാജ്യസഭാംഗമായി ഡൽഹിയിലെത്തിയ നിതീഷ് കുമാറിനെ കാബിനറ്റ് മന്ത്രിയായി ഉൾപ്പെടുത്തിയേക്കും. ജെഡിയുവിന്റെ നിലവിലെ കാബിനറ്റ് മന്ത്രി ലാലൻ സിംഗ് എന്ന രാജീവ് രഞ്ജൻ സിംഗിനെ ഒഴിവാക്കേണ്ടിവരുമെന്നതാണു തടസം.
ജെഡിയുവിലെ രാം നാഥ് ഠാക്കൂർ സഹമന്ത്രിയാണ്. ബിജെപിക്കു തനിയെ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും കൂടുതൽ മന്ത്രിസ്ഥാനം ചോദിക്കുന്നുണ്ടെങ്കിലും അനുവദിച്ചേക്കില്ല.
പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗങ്ങളിൽ എഎപി വിട്ടു ബിജെപിയിൽ ചേർന്ന ആറുപേരിൽ രാഘവ് ഛദ്ദയെയോ സന്ദീപ് പഥക്കിനെയോ കേന്ദ്രമന്ത്രിയാക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ എഎപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയർത്താൻ ഇതു ബിജെപിയെ സഹായിക്കുമെന്നാണു പാർട്ടി കരുതുന്നത്.